മമ്മൂട്ടി വില്ലനായെത്തി തിയറ്ററുകൾ കീഴടക്കിയ കളങ്കാവൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 16 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിൽ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം.
റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ 81.9 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഇന്ത്യയിൽനിന്ന് മാത്രം 43.65 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടി. വിദേശ വിപണികളിൽ നിന്ന് 38.25 കോടി രൂപയും ചിത്രം സമാഹരിച്ചു.
മമ്മൂട്ടിയുടെ അഭിനയമികവും വിനായകന്റെ ഗൗരവമേറിയ വേഷപ്പകർച്ചയുമാണ് ചിത്രത്തിന്റെ വിജയത്തിൽ നിർണയകമായത്. ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന് ശേഷം ഒടിടിയിൽ തരംഗമാകാൻ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ, നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.